ഇസ്ലാമാബാദ് : പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങളെ പരിചയായി ഉപയോഗിച്ചാണ് ആക്രമിക്കുന്നതെന്ന് കേണൽ സോഫിയ ഖുറേഷി .പാകിസ്ഥാൻ വൻതോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നുവെങ്കിലും ദമ്മാമിനും ലാഹോറിനും ഇടയിൽ വിമാന സർവീസുകൾ തുടർന്നിരുന്നു . ഇവ മറയാക്കിയായിരുന്നു ആക്രമണം . എന്നാൽ ഇന്ത്യ ഇതിനെ സംയമനത്തോടെയാണ് നേരിട്ടതെന്നും സോഫിയ ഖുറേഷി പറഞ്ഞു.
വ്യാഴാഴ്ച, ഇന്ത്യയിലെ 15 നഗരങ്ങളിലെ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു, എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ് -400 എല്ലാ ആക്രമണങ്ങളെയും പരാജയപ്പെടുത്തി. വ്യാഴാഴ്ചത്തെ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ ചേർന്നാണ് ഔദ്യോഗിക വിശദീകരണം നൽകിയത്.
പാകിസ്ഥാൻ നുഴഞ്ഞുകയറാൻ ശ്രമിച്ചതായും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. 300 ഓളം ഡ്രോണുകൾ ഉപയോഗിച്ച് അക്രമിക്കാനും, അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഡ്രോണുകൾ തുർക്കിയേയുടേതാണെന്ന് കണ്ടെത്തിയതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു .സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുക എന്ന ഉദ്ദേശ്യത്തോടെ പാകിസ്ഥാൻ സൈന്യം മുഴുവൻ ഇന്ത്യൻ വ്യോമാതിർത്തിയും പലതവണ ലംഘിച്ചു
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം കനത്ത കാലിബർ ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്തു. അന്താരാഷ്ട്ര, നിയന്ത്രണ രേഖയിലെ 36 സ്ഥലങ്ങളിൽ നുഴഞ്ഞുകയറ്റത്തിനായി ഡ്രോണുകൾ ഉപയോഗിച്ചു. ഈ ഡ്രോണുകളിൽ പലതും ഇന്ത്യ വെടിവച്ചിട്ടു. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടില്ലെന്നും മറിച്ച് ഒരു കവചമായി അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ‘ഈ ആക്രമണം നടന്നപ്പോൾ, കറാച്ചി, ലാഹോർ തുടങ്ങിയ വലിയ നഗരങ്ങളിൽ യാത്രാവിമാനങ്ങൾ പറക്കുകയായിരുന്നു, സാധാരണ പൗരന്മാരുടെ ജീവൻ അവർ അപകടത്തിലാക്കി’ – സോഫിയ ഖുറേഷി പറഞ്ഞു.

