പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടികപുതുക്കലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ഈ വിഷയത്തിൽ സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും നിരന്തരം വിമർശിക്കുന്നുണ്ട് . അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡിക്കും നേരെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ രംഗത്തെത്തി .
‘ധൈര്യമുണ്ടെങ്കിൽ അവർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം. അവർക്ക് ധൈര്യമില്ല. അവർ ഭീഷണിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വോട്ടർമാരെ ഭയപ്പെടുത്തി ജയിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അവർ കള്ളം പറയുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ആർജെഡിയും കോൺഗ്രസും പരാജയഭീതിയിലാണ്. ‘ ചിരാഗ് പറഞ്ഞു.
‘അവർ ബഹളം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്, സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, . നമ്മുടെ രാജ്യത്ത് ഒരു നുഴഞ്ഞുകയറ്റക്കാരനും നമ്മുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയില്ല. ഇത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പ്രതിപക്ഷം അതിന്റെ പരാജയം അംഗീകരിച്ചു.രാഹുൽ ജിയുടെയോ കോൺഗ്രസിന്റെയോ ആർജെഡിയുടെയോ കൈവശം തെളിവുണ്ടെങ്കിൽ അത് കാണിക്കണമെന്നും ‘ ചിരാഗ് പറഞ്ഞു.
ബീഹാറിൽ എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ സഹോദരീ സഹോദരന്മാരുടെ വോട്ടുകൾ എസ്ഐആറിന്റെ പേരിൽ മോഷ്ടിക്കപ്പെടുന്നു എന്നാണ് രാഹുലിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിച്ചതിന് 100% ശക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു . എന്നൽ അത് വച്ച് പരാതികൊടുക്കാൻ പോലും രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല.

