ലക്നൗ : ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം ‘ പുൽവാമ ഭീകരാക്രമണം .‘ മാതൃരാജ്യത്തെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച 40 വീരസൈനികരെ നഷ്ടപ്പെട്ട വേദനയുടെ ഓർമ്മയിലാണ് ഇന്ന് ഭാരതം. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ത്രിപാഠി കുടുംബത്തിനും ഈ ദിനം ഏറെ വേദന നിറഞ്ഞതാണ് . മഹാരാജ്ഗഞ്ചിന്റെ മകൻ കോൺസ്റ്റബിൾ പങ്കജ് ത്രിപാഠിയും വീരമൃത്യു വരിച്ച സൈനികരിൽ ഒരാളാണ്.
അന്ന് പങ്കജിന്റെ ഭൗതികശരീരം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് വീട്ടിലേക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിനായി കാത്തിരുന്നത്, 3 വയസ്സുള്ള മകനും, ഭാര്യയും, മാതാപിതാക്കളുമായിരുന്നു . മൂന്ന് മാസം ഗർഭിണിയായിരുന്നു അന്ന് പങ്കജിന്റെ ഭാര്യ.മകന്റെ വേർപാടിന്റെ ദുഃഖം താങ്ങാനാവാതെ അമ്മ ഒരു വർഷത്തിനുശേഷം മരണപ്പെട്ടു.
ഗ്രാമത്തിൽ പങ്കജിന്റെ പേരിൽ സ്മാരകം, കളിസ്ഥലം, അമൃത് സരോവർ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ‘ കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന് സ്വപ്നം കണ്ടിരുന്നതിനാൽ വീട്ടിലെല്ലാവർക്കും പങ്കജ് അഭിമാനമായിരുന്നു. ഞങ്ങളുടെ മുത്തച്ഛനും സൈന്യത്തിലായിരുന്നു, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ യൂണിഫോമും കണ്ടപ്പോഴാണ് എന്റെ സഹോദരന് സൈന്യത്തിൽ ചേരാനുള്ള സ്വപ്നം പിറന്നത്. ‘ പങ്കജിന്റെ സഹോദരൻ ശുഭം പറയുന്നു.
പങ്കജ് ത്രിപാഠിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് ഏഴ് വർഷം തികയുമ്പോൾ പത്ത് വയസുകാരൻ മകനും, ഏഴു വയസുകാരി മകളും വിശ്വസിക്കുന്നത് അച്ഛൻ അതിർത്തിയിൽ ഡ്യൂട്ടിയിലാണെന്നാണ്. അച്ഛനെ പോലെ സൈനികരാകണമെന്നാണ് ഇവരും ആഗ്രഹിക്കുന്നതെന്ന് ശുഭം പറയുന്നു.ഫെബ്രുവരി 14 ന് പങ്കജിന്റെ സ്മാരകത്തിൽ ഗ്രാമവാസികൾ ഒന്ന് ചേർന്ന് പുഷ്പചക്രം അർപ്പിക്കുകയും സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

