ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. സൈനസ് പ്രശ്നമുണ്ടെന്നും , ഛോട്ടാ രാജന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.
ഛോട്ടാ രാജൻ കുറച്ചു കാലമായി തിഹാർ ജയിലിലാണ്.ഛോട്ടാ രാജനെ 2015 ഒക്ടോബറിൽ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുകയും ചെയ്തു. പിടികിട്ടാപ്പുള്ളിയായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയെന്ന് കരുതപ്പെടുന്ന ഛോട്ടാ രാജൻ അറസ്റ്റിന് മുമ്പ് മൂന്ന് പതിറ്റാണ്ടോളം ഒളിവിലായിരുന്നു.
2001ൽ ഹോട്ടലുടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമ ജയ ഷെട്ടി, 2001 മെയ് 4 ന് ഹോട്ടലിൻ്റെ ഒന്നാം നിലയിലാണ് വെടിയേറ്റ് മരിച്ചത്.
ഇതിന് പിന്നാലെ മുംബൈയിലെ ആറ് കേസുകളിലുൾപ്പെടെ ഏഴ് കേസുകളിൽ ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട് . 2011ൽ മാധ്യമപ്രവർത്തകൻ ജെ ഡെയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ പ്രത്യേക കോടതി ഛോട്ടാരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.