ന്യൂഡൽഹി: എലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോം അനിയന്ത്രിതമായ അസഭ്യം പ്രചരിപ്പിക്കുന്നതിനെതിരെ കർശന നിലപാടുമായി കേന്ദ്ര സർക്കാർ . 72 മണിക്കൂറിനുള്ളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം എക്സിന് നോട്ടീസ് നൽകി. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ചീഫ് കംപ്ലയൻസ് ഓഫീസർക്കാണ് നോട്ടീസ്. ഐടി നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾക്കനുസൃതമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രവർത്തിക്കണമെന്ന് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. എക്സിന്റെ എഐ ആപ്പായ ചാറ്റ്ബോട്ട് ഗ്രോക്ക് വഴി സൃഷ്ടിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കവും നീക്കം ചെയ്യണം.
സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നതിനും സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്നതിനും ഗ്രോക്ക് ആപ്പ് ദുരുപയോഗം ചെയ്ത സംഭവങ്ങളിൽ രാജ്യസഭാ എംപിയും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ പ്രിയങ്ക ചതുർവേദി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2021 ലെ ഐടി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ എന്നിവ പാലിക്കുന്നതിൽ ഗുരുതര വീഴ്ച്ചകൾ എക്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ അക്കൗണ്ടുകൾ സസ്പെൻഷൻ ചെയ്യുകയോ അവസാനിപ്പിക്കുകയോ പോലുള്ള ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് ഉൾപ്പെടെ, പ്ലാറ്റ്ഫോമിന്റെ സേവന നിബന്ധനകളും AI ഉപയോഗ നയങ്ങളും കർശനമായി നടപ്പിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

