കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ കേന്ദ്ര സർക്കാർ പ്രതിനിധികളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ച്കാന്തപുരം അബൂബക്കർ മുസ്ലിയാർ . രണ്ടാം ഘട്ട ഇടപെടലിനായി വിദേശകാര്യ മന്ത്രാലയവുമായി സംയുക്ത സംരംഭം ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അടുത്ത ഘട്ട നടപടികൾക്ക് ഇന്ത്യൻ സർക്കാർ പ്രതിനിധികളുടെ പങ്കാളിത്തവും പിന്തുണയും നിർണായകമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് കേന്ദ്ര സർക്കാരിനെയും യെമനിലെ മധ്യസ്ഥരെയും ഔപചാരികമായി അറിയിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിൽ തന്നെ സന്ദർശിച്ച ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായും പൊതുജന പ്രതിനിധികളുമായും കാന്തപുരം ഈ അഭിപ്രായം പങ്കുവെച്ചു.
യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. അനുബന്ധ നിയമനടപടി ക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത് .
നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബാഹ്യ സംഘടനകളുടെ ഇടപെടൽ വിഷയത്തിൽ ഫലം നൽകാനിടയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
അതേസമയം തങ്ങളുമായി ബന്ധപ്പെട്ടുവെന്നും, സംസാരിച്ചെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനകൾ മരിച്ച യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി തള്ളി. കാന്തപുരവുമായി സംസാരിച്ചതായോ ഞങ്ങളുമായി ചർച്ച നടത്തിയതായോ അവകാശപ്പെടുന്നവർക്ക് “ഞങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുൾ ഫത്താഹ് പ്രഖ്യാപിച്ചു. “ഞങ്ങൾ ഒരു സമയത്തും സ്ഥലത്തും അവരെ ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

