സംഭാൽ: ഉത്തർപ്രദേശിലെ സംഭാലിൽ ഭക്തർ വളരെ ആവേശത്തോടെ മഹാശിവരാത്രി ആഘോഷിക്കുന്നു. ശിവഭക്തർ ശിവനെ പ്രീതിപ്പെടുത്തുന്നതിനായി നിരന്തരം ആരാധനയിൽ മുഴുകിയിരിക്കുന്നു. ഇതിനിടെ സംഭാലിൽ നിന്നുള്ള മുസ്ലീം യുവതി തമന്ന മാലികിന്റെ കൻവാർ യാത്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹരിദ്വാറിൽ നിന്നാണ് തമന്നയുടെ കൻവാർ യാത്ര ആരംഭിച്ചത്. സംഭാലിൽ എത്തിയപ്പോൾ പോലീസും അധികൃതരും അവർക്ക് സുരക്ഷ ഒരുക്കി. നൂറുകണക്കിന് ശിവഭക്തർ അവരെ സ്വാഗതം ചെയ്തു.
ബുർഖ ധരിച്ച് കൻവാർ യാത്ര നടത്തുന്ന തമന്നയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായി . അതേസമയം ബുർഖ ധരിച്ച് കൻവാർ ചുമന്നതിനെതിരെ മുസ്ലീം മത നേതാക്കളും തമന്നയ്ക്കെതിരെ രംഗത്തെത്തി.ഹരിദ്വാറിൽ നിന്ന് യാത്ര ആരംഭിച്ച തമന്ന മാലിക് ശനിയാഴ്ച സാംബാൽ ജില്ലാ അതിർത്തിയിൽ പ്രവേശിച്ചു. അസ്മോലി സിഒ കുൽദീപ് കുമാറും ഇൻസ്പെക്ടർ മോഹിത് ചൗധരിയും പുഷ്പവൃഷ്ടിയോടെ അവരെ സ്വീകരിച്ചു. മനോട്ട പോലീസ് തമന്ന മാലിക്കിന് സുരക്ഷാ കവചമൊരുക്കി.
അസ്മോലി ബദൻപൂർ ബസേയ് ഗ്രാമത്തിൽ താമസിക്കുന്ന യാമിന്റെ മകൾ തമന്ന അതേ ഗ്രാമത്തിലെ താമസക്കാരനായ സുരേന്ദ്ര ത്യാഗിയുടെ മകൻ അമൻ ത്യാഗിയുമായി പ്രണയത്തിലായിരുന്നു. വിവാഹം നടക്കാൻ ഭഗവാൻ ശിവനോട് പ്രാർത്ഥിച്ചിരുന്നുവെന്നും തമന്ന പറയുന്നു.
മൂന്ന് വർഷം മുൻപ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നു. തമന്ന ഹിന്ദുമതവും സ്വീകരിച്ചിരുന്നു . പേര് തുളസി എന്ന് മാറ്റുകയും ചെയ്തു. ആര്യൻ, യക്ഷ് എന്നീ മക്കളുമുണ്ട് . ആഗ്രഹം സഫലമായതിനാൽ, താൻ പ്രാർത്ഥന നിറവേറ്റാൻ എത്തിയതാണെന്ന് തമന്ന പറഞ്ഞു. ഭർത്താവ് ഒരിക്കലും ബുർഖ ധരിക്കുന്നത് തടഞ്ഞിട്ടില്ലെന്നും തമന്ന പറഞ്ഞു. ഗംഗാജലവുമായി മടങ്ങിയ തമന്ന മാലിക്കിനെ ഡ്രമ്മുകളും ആർപ്പുവിളികളുമായാണ് സ്വീകരിച്ചത്.തമന്ന മാലിക്കിന്റെ ബുർഖ ധരിച്ച കൻവാർ യാത്രയെക്കുറിച്ച് കോൺഗ്രസ് പാർട്ടി നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത് മുസ്ലീം സമൂഹത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് പാർട്ടി നേതാവ് മുഷിർ തരീൻ പറഞ്ഞു.

