ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ആത്മഹത്യാ പ്രേരണയായി കരുതാനാകില്ലെന്ന് സുപ്രീം കോടതി. അസംതൃപ്തമായ ബന്ധത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുവരാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ ശേഷം ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് നിരീക്ഷിച്ച കോടതി, കമറുദ്ദീൻ ദസ്തഗീർ സനാദി എന്ന വ്യക്തിയെ കുറ്റവിമുക്തനാക്കി. ഇയാൾക്കെതിരെ വഞ്ചന, ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് കർണാടക ഹൈക്കോടതി വിധിച്ച ശിക്ഷയും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
നേരത്തേ, സനാദിയെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടക സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ച കർണാടക ഹൈക്കോടതി, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവ പ്രതി ചെയ്തതായി കണ്ടെത്തുകയും ഇയാൾക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി വിധിക്കുകയായിരുന്നു. തുടർന്നാണ് സനാദി സുപ്രീം കോടതിയെ സമീപിച്ചത്.
ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് സനാദിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആത്മഹത്യ ചെയ്ത 21 വയസ്സുകാരിയും സനാദിയും തമ്മിൽ എട്ട് വർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്നീട് സനാദി പിന്മാറിയതോടെ, പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പുകൾ വിശദമായി പരിശോധിച്ചതായി ജസ്റ്റിസ് മിത്തൽ വിധിന്യായത്തിൽ പറഞ്ഞു. ഇരുവരും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിരുന്നതായോ സനാദി നിമിത്തമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നോ അതിൽ എവിടെയും പറഞ്ഞിട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രണയബന്ധം തകരുന്നത് വൈകാരികമായി ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഇതെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. ഇഷ്ടമില്ലാത്ത ഒരു ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ ഒരാളെ ക്രിമിനൽ എന്ന് മുദ്ര കുത്താനാവില്ല. ആത്മഹത്യ എന്നത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രണയബന്ധം ചൂഷണം ചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ബലാത്സംഗം ചെയ്യുകയോ മാനഹാനി വരുത്തുകയോ ചെയ്താൽ അത് ക്രിമിനൽ കുറ്റങ്ങൾ തന്നെയായിരിക്കും. എന്നാൽ ഈ കേസിൽ അങ്ങനെയൊന്നും ഉണ്ടായതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.