ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുകയാണെന്ന വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുന്നതിനെ ന്യായീകരിച്ചാണ് നവാരോയുടെ പ്രസ്താവന. ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ കൊള്ളയടിക്കുകയാണ്. നമ്മൾ അത് നിർത്തണമെന്നും പീറ്റർ നവാരോ പറഞ്ഞു.
‘ റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിന് മുൻപ് ഇന്ത്യ വളരെ ചെറിയ തോതിൽ മാത്രമേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നുള്ളൂ.എന്നാൽ യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് വൻ തോതിൽ എണ്ണ വാങ്ങുകയാണ് . അത് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുകയാണ് . പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മികച്ച നേതാവാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് മനസിലാകുന്നില്ല . എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസിലാക്കുക. ബ്രാഹ്മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്. അത് നിർത്തേണ്ടതുണ്ട്’’ – ഇതായിരുന്നു നവാരോയുടെ വിവാദമായ പ്രസ്താവന.
വാർധക്യകാലത്ത് സംഭവിക്കുന്ന തകർച്ചയാണ് നവാരോയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ,ജാതി പറയുന്ന നടപടി ലജ്ജാകരമാണെന്നുമാണ് പ്രതികരണങ്ങൾ. ശിവസേന നേതാവ് യു ബി ടി പ്രിയങ്ക ചതുർവേദിയാണ് നവാരോയുടെ പ്രതികരണത്തെ വിമർശിച്ച് എത്തിയത്.
‘ വാർധക്യത്തിന്റെ ഉന്നതിയിൽ എത്തുമ്പോൾ സംഭവിച്ച തകർച്ച ‘ എന്നാണ് പ്രിയങ്ക നവാരോയുടെ പ്രസ്താവനയെ വിശേഷിപ്പിച്ചത് . തന്റെ വാദം ഉന്നയിക്കാൻ ഇന്ത്യയിലെ ഒരു പ്രത്യേക ജാതി സ്വത്വത്തെ ആക്ഷേപിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക വിമർശിച്ചു.

