ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടനത്തിൽ എട്ട് മരണം. 24 പേർക്ക് പരിക്കേറ്റു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കാർ പൊട്ടിത്തെറിച്ചാണ് വലിയ അപകടം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നാലോളം വാഹനങ്ങൾ കത്തിനശിച്ചു. മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിട്ടാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് അധികൃതർ നൽകുന്ന വിവരം.
അപകടത്തിൽ മരിച്ച എട്ട് പേർക്കും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടമായിരുന്നു. പരിക്കേറ്റവർ നിലവിൽ ഡൽഹയിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഉയരുമോയെന്നാണ് അധികൃതരുടെ ആശങ്ക.
പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏഴോളം ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമല്ല.

