ശ്രീനഗർ ; കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ‘ ബിസ്ക്കറ്റ് പായ്ക്കറ്റുകൾ ‘ ഉസ്മാനെ ഇല്ലാതാക്കിയത് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നുവെന്നാണ് സൂചന .
ശ്രീനഗറിലെ ഖന്യാറിൽ ഒരു വീട്ടിൽ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു . എന്നാൽ ഓപ്പറേഷന് തെരുവ് നായ്ക്കൾ തടസമായി. തെരുവ് നായ്ക്കൾ ഏറെയുള്ള ഭാഗത്താണ് ഉസ്മാൻ ഒളിച്ചിരുന്നത് .രാത്രിയിലെ ഓപ്പറേഷനിലെ നായ്ക്കൾ കുരച്ചാൽ അത് വഴി ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈനികർ മനസിലാക്കി.
ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റ് പായ്ക്കറ്റുകളുമായാണ് സൈനികർ മുന്നോട്ട് പോയത് . ബിസ്ക്കറ്റുകൾ തെരുവ് നായ്ക്കൾക്ക് നൽകി ആദ്യം അവരെ നിശബ്ദരാക്കി . പിന്നീട് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത് . ഈ ഏറ്റുമുട്ടൻ ഉസ്മാനെ വധിച്ച ശേഷമാണ് അവസാനിച്ചത് .
.കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഉസ്മാൻ. 2023 ഒക്ടോബറിൽ ശ്രീനഗറിലെ ഈദ്ഗാഹ് ഏരിയയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടറായിരുന്ന മസ്റൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉസ്മാനുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
ലഷ്കർ ഭീകരനായ സജാദ് ഗുലാലിന്റെ വലം കൈയ്യായിരുന്ന ഉസ്മാൻ ഛോട്ടാ വാലിദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉസ്മാൻ ഇല്ലാതായത് ലഷ്കർ ഇ ത്വയ്ബയ്ക്ക് വൻ തിരിച്ചടിയായാണ് കണക്കാക്കുന്നത് . കശ്മീരിലെ ലഷ്കർ ഇ ത്വയ്ബയുടെ ഏറ്റവും മുതിർന്ന കമാൻഡർ കൂടിയായിരുന്നു ഉസ്മാൻ .അടുത്ത കാലത്തായി ഉസ്മാൻ താഴ്വരയിൽ നിരന്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു.അതുകൊണ്ട് തന്നെ സുരക്ഷാസേനയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇയാൾ .