ന്യൂഡൽഹി: ബിഹാറിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഏകദേശം 65 ലക്ഷം പേരുടെ പേരുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് . ഓരോ പേരും ഇല്ലാതാക്കിയതിനുള്ള കാരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണം.
പത്രങ്ങൾ, ദൂരദർശൻ, റേഡിയോ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഓരോ പേരും ഇല്ലാതാക്കിയ വിവരങ്ങൾ വ്യക്തമായി പരസ്യപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു.48 മണിക്കൂറിനുള്ളിൽ അത് ചെയ്യണമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.ഒഴിവാക്കപ്പെട്ട പേരുകളുടെ ബൂത്ത് തിരിച്ചുള്ള പട്ടിക എല്ലാ പഞ്ചായത്ത് ഭവനുകളിലും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രദർശിപ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു,
ഓരോ നിയമസഭാ മണ്ഡലത്തിനും അനുസരിച്ച് ഈ വിവരങ്ങൾ വെബ്സൈറ്റിൽ നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 2003 ലെ ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പരിഗണിച്ച രേഖകളെക്കുറിച്ച് അറിയിക്കണമെന്നും സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ബീഹാറിലെ വോട്ടർ പട്ടികകളുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ചോദ്യം ചെയ്യുന്ന ഹർജികളുടെ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിർദ്ദേശം . 65 ലക്ഷം പേരുകളിൽ 22 ലക്ഷം പേർ മരണപ്പെട്ടവരാണെന്ന് കമ്മീഷൻ വ്യക്തമാക്കിയതായും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്രയും അധികം വോട്ടർമാർ മരിച്ചിട്ടുണ്ടെങ്കിൽ, അത് ബൂത്ത് തലത്തിൽ അറിയിക്കണമെന്നും, പൗരന്മാരുടെ അവകാശങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങളിൽ ഉപേക്ഷിക്കരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഓഗസ്റ്റ് 1 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്, സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പുറത്തിറക്കും. എന്നാൽ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം നിരന്തരം പ്രതിഷേധം ഉയർത്തുകയാണ്.

