ന്യൂഡൽഹി ; വോട്ടർപട്ടികയും വോട്ടും വെവ്വേറേ വിഷയങ്ങളാണെന്നും രണ്ടിനും രണ്ടു നിയമമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ . വോട്ടർ പട്ടിക വിഷയത്തിലെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുമ്പോഴാണ് കള്ളവോട്ടാകുന്നത്. വോട്ടർ പട്ടികയിൽ ഒന്നിലേറെയിടത്ത് പല കാരണങ്ങളാൽ ഒരാളുടെ പേരു വരാം. അത് തിരുത്താൻ പ്രത്യേക തീവ്ര പരിശോധന നടത്താറുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച പത്തരലക്ഷത്തോളം പരിശോധകർ പട്ടികകൾ പരിശോധിക്കുകയാണ്. പിശകുള്ളത് തിരുത്തും. സെപ്തംബർ ഒന്നുവരെ ചൂണ്ടിക്കാണിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ബൂത്ത്തലത്തിൽ വരെ കരട് വോട്ടർ പട്ടിക പരിശോധിക്കാൻ സൗകര്യം കൊടുത്തിട്ടുണ്ട്. ഇനിയും ചെയ്യാവുന്നതാണ്.
വോട്ടർ പട്ടിക നോക്കിയല്ല, ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുന്നുണ്ടോ എന്ന് നോക്കിയാണ് തെരഞ്ഞെടുപ്പ് കൃത്യത വിലയിരുത്തേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ആവർത്തിക്കുകയാണ് ചിലർ. വോട്ടർമാരുടെ അനുമതിയില്ലാതെ അവരുടെ പേരുവിവരങ്ങളും ചിത്രവും ദുർവിനിയോഗിച്ചു. വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു. വോട്ടു മോഷണം എന്ന ആരോപണം കള്ളക്കഥയാണ്.
ആരോപണം ഭരണഘടനയെ അപമാനിക്കലാണ്. ആരോപണത്തിൻ്റെ പേരിൽ അന്വേഷണത്തിനില്ല. ആരോപണത്തിൽ ഭയമില്ല. ബീഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ കമ്മീഷനൊപ്പമുണ്ട്. എന്നിട്ടും വോട്ട് തട്ടിപ്പ് എന്ന വ്യാജ കഥ പ്രചരിക്കുന്നുണ്ട്. വോട്ടിംഗ് മെഷീനിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു. അനുമതിയില്ലാതെ വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചു. എത്ര പേർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നുണ്ട്? കേരളത്തിൽ ഉൾപ്പെടെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, വോട്ടെടുപ്പ് ദിവസം മുതൽ ഫലപ്രഖ്യാപനം വരെ, പരാതിയുമായി കോടതിയെ സമീപിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തുകൊണ്ട് ഹർജി ഫയൽ ചെയ്തില്ല? ഇത്രയും ദിവസങ്ങൾക്ക് ശേഷം ഒന്നും ചെയ്യാതെ പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യം എന്താണ്? കർണാടകയിൽ ഉന്നയിക്കുന്ന പരാതികളും അടിസ്ഥാനരഹിതമാണ്,’ ഗ്യാനേഷ് കുമാർ പറഞ്ഞു.

