ബെംഗളൂരു ; അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ ഷാമ പർവീൺ അൻസാരി, ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനോട് അഭ്യർത്ഥിച്ചിരുന്നതായി റിപ്പോർട്ട് . ഗുജറാത്ത് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ജൂലൈ 29 നാണ് ഷാമ പർവീൺ അൻസാരിയെ ബെംഗളൂരുവിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത് .
നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ഷാമ. അൽ-ഖ്വയ്ദയ്ക്കൊപ്പം മറ്റ് ചില തീവ്ര മതപ്രഭാഷകരുടെയും പ്രകോപനപരവും ഇന്ത്യാ വിരുദ്ധവുമായ പോസ്റ്റുകൾ പങ്ക് വയ്ക്കാൻ ഷാമ അൻസാരിയ്ക്ക് രണ്ട് ഫേസ്ബുക്ക് പേജുകളും 10,000 ഫോളോവേഴ്സുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ടായിരുന്നതായി ഗുജറാത്ത് എടിഎസ് പറഞ്ഞു.
മെയ് 9 ന്, പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് വെറും രണ്ട് ദിവസത്തിന് ശേഷം, ഇന്ത്യയെ ആക്രമിക്കാനുള്ള “സുവർണ്ണ അവസരം” പ്രയോജനപ്പെടുത്താൻ ജനറൽ മുനീറിനോട് അഭ്യർത്ഥിച്ച് ഷാമ അൻസാരി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തിരുന്നു.
മുനീറിന്റെ ചിത്രം ഉൾപ്പെടെയാണ് ഷാമ അൻസാരി പോസ്റ്റ് പങ്ക് വച്ചത് . “നിങ്ങൾക്ക് ഒരു സുവർണ്ണാവസരമുണ്ട്… ഇസ്ലാം നടപ്പിലാക്കുന്നതിനായി പ്രോജക്റ്റ് ഖിലാഫത്ത് സ്വീകരിക്കുക, മുസ്ലീം ഭൂമികളെ ഏകീകരിക്കുക, ഹിന്ദുത്വവും സയണിസവും ഇല്ലാതാക്കാൻ മുന്നോട്ട് നീങ്ങുക… മുന്നോട്ട് നീങ്ങുക.” എന്നായിരുന്നു ഷാമയുടെ പോസ്റ്റ്.
ഷാമ അൻസാരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്തരത്തിൽ ഇന്ത്യാവിരുദ്ധ വീഡിയോകൾ ഒന്നിലധികം പങ്കിട്ടതായി എടിഎസ് പ്രസ്താവനയിൽ പറയുന്നു. അത്തരമൊരു വീഡിയോയിൽ, ഇന്ത്യൻ സൈന്യത്തെ പിന്തുണയ്ക്കുന്നതിനും പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചതിനും ഇന്ത്യൻ മുസ്ലീങ്ങളെ വിമർശിക്കുന്നതും കേൾക്കാം.
അൻസാരി പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ലാഹോറിലെ ലാൽ മസ്ജിദിലെ ഇമാം അബ്ദുൾ അസീസ്, സർക്കാരിനെതിരെ സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിൽ ഖിലാഫത്ത് സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതാണ്. മൂന്നാമത്തെ വീഡിയോ, ഒരു എക്യുഐഎസ് നേതാവ് “ഗസ്വാ-ഇ-ഹിന്ദ്” നെക്കുറിച്ചും, ഇന്ത്യൻ ഭരണകൂടത്തിനെ ആക്രമിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ്.

