ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആയതിനാൽ തൊട്ടു മുമ്പുള്ള രണ്ട് അവധി ദിവസങ്ങളായ നാലാം ശനിയും ഞായറാഴ്ചയും ചേർത്ത് തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. എല്ലാ തസ്തികകളിലും ആവശ്യത്തിന് നിയമനങ്ങൾ നടത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ നടപ്പാക്കുക, ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്‘ സംവിധാനം പിൻവലിക്കുക, ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആക്രമണങ്ങളിൽനിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക, പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി കേന്ദ്ര സർക്കാർ നിലനിർത്തുക തുടങ്ങിയവയാണ് സംഘടനകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
മാർച്ച് 5ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ധനകാര്യ സേവന വിഭാഗം, കേന്ദ്ര ലേബർ കമീഷൻ എന്നിവക്ക് പണിമുടക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. യു.എഫ്.ബി.യുവിന്റെ ഭാഗമായുള്ള ഒൻപത് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.