തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, എമ്പുരാൻ ചിത്രം കണ്ട് മന്ത്രി സജി ചെറിയാൻ . ഇത്തരമൊരു സിനിമ ചെയ്യാൻ ധൈര്യം കാണിച്ചതിന് സംവിധായകൻ പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു .
‘ കേരളത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തവും ലോകസിനിമയ്ക്ക് തുല്യമായി നിൽക്കുന്നതുമാണ് എമ്പുരാൻ. നിരവധി സാമൂഹിക പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കുന്ന ചിത്രം നമ്മുടെ നാട്ടിലുള്ള എല്ലാവരും കാണേണ്ട ഒന്നാണ്. കലാസൃഷ്ടികളെ കലയായി കാണണമെന്നും വിഭജന പ്രവർത്തനങ്ങൾക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും ‘ സജി ചെറിയാൻ പറഞ്ഞു .
“നമ്മളെല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്, അതാണ് ഉൾക്കൊള്ളേണ്ടത്. കേരളത്തിൽ മാത്രമേ ഇത്തരമൊരു സിനിമ ചെയ്യാൻ കഴിയൂ. മറ്റെവിടെയും ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള കരുത്ത് ഉണ്ടാകില്ല,എൻ്റെ ഒരേയൊരു ആശങ്ക അക്രമത്തെക്കുറിച്ചാണ്. അങ്ങേയറ്റത്തെ അക്രമം ചില ആളുകൾക്ക് കാണാൻ ബുദ്ധിമുട്ടായിരിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.