ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു നേതാവും ഇസ്കോൺ സന്യാസിയുമായ ചിൻമോയ് ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി തള്ളി. ചാറ്റോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി എംഡി സെയ്ഫുൾ ഇസ്ലാമാണ് മുൻ 30 മിനിറ്റ് നീണ്ട വാദം കേട്ടതിന് ശേഷം ജാമ്യം നിഷേധിച്ചത് . രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. 11 അഭിഭാഷകരുടെ സംഘം അദ്ദേഹത്തിൻ്റെ ജാമ്യത്തിനായി ഹാജരായത്.
പ്രമേഹവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സന്യാസിയെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞു. സംഭവത്തെ ദുഃഖകരമെന്ന് വിളിച്ച ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റ് രാധാ രാമൻ ദാസ്, ഹിന്ദു സന്യാസിക്ക് നീതി ലഭ്യമാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
‘ വളരെ ദുഃഖകരമായ വാർത്തയാണിത്. ലോകം മുഴുവൻ ഇത് വീക്ഷിക്കുകയാണ്. പുതുവർഷത്തിൽ ചിന്മയ് പ്രഭുവിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ 42 ദിവസത്തിന് ശേഷവും ഇന്ന് നടന്ന വാദത്തിൽ ജാമ്യം തള്ളുകയായിരുന്നു. സർക്കാർ നീതി നൽകണമെന്നും‘ അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് നവംബർ 25 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ചിൻമോയ് കൃഷ്ണ ദാസിൻ്റെ ജാമ്യാപേക്ഷ അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.