ബെംഗളൂരു : അഭിനയ സരസ്വതി നടി ബി സരോജാദേവി അന്തരിച്ചു . 87 വയസായിരുന്നു . ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സരോജാദേവി . കന്നഡത്തു പൈങ്കിളി (കന്നഡയുടെ തത്ത) അഭിനയ സരസ്വതി എന്നും അറിയപ്പെട്ടിരുന്ന താരം എം ജി ആറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് .
17 വയസ്സിൽ മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സരോജ, കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശീയ അവാർഡും നേടി. എം.ജി. ആറിനൊപ്പമുള്ള തമിഴ് ചിത്രം ‘നാടോടി മന്നൻ’ (1958) അവരെ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാക്കി മാറ്റി. 1967 ൽ വിവാഹിതയായി അഭിനയരംഗത്തോട് വിട പറഞ്ഞു .

