ലക്നൗ : അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷം ഈ മാസം 11 ന് നടക്കും. ഇതിനായി ത്രിദിന വാർഷിക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷ്ഠാ വാർഷികം ദ്വാദശിയായി ആഘോഷിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിഐപി, വിവിഐപി ദർശനത്തിന് നിരോധനം ഏർപ്പെടുത്തിയതായി ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ജനുവരി 11 മുതൽ 13 വരെ ശ്രീരാമക്ഷേത്രത്തിലെ വിഐപി ദർശനം രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ നിർത്തിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഐപി, വിവിഐപി പാസുകൾ ഉണ്ടാകില്ല.
ജനുവരി 11 മുതൽ 13 വരെ നടക്കുന്ന പരിപാടികളുടെ രൂപരേഖ തയ്യാറാക്കിയതായും ചമ്പത് റായ് പറഞ്ഞു. ജനുവരി 11 ന് രാവിലെ 10 മുതൽ 12 വരെ രാംലല്ലയുടെ അലങ്കാരവും മഹാ അഭിഷേകവും മഹാ ആരതിയും നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയ്ക്ക് മഹാ ആരതി നടത്തും.
ഒരുക്കങ്ങൾ വിലയിരുത്താൻ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ, ജില്ലാ മജിസ്ട്രേറ്റും മറ്റ് നിരവധി ഉദ്യോഗസ്ഥരും വേദി പരിശോധിച്ചു. ജനുവരി 11 ന് രാമലീലയും സംഘടിപ്പിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു.