ന്യൂഡൽഹി : സനാതനികളുമായുള്ള കൂട്ടുകെട്ട് പാടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബിജെപിയ്ക്കും , ആർ എസ് എസിനുമെതിരെ നീങ്ങാനും സിദ്ധാരാമയ്യ ജനങ്ങളോട് ആഹ്വാനം ചെയ്തു.ബി.ആർ അംബേദ്കറെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയെയും ചരിത്രപരമായി എതിർക്കുന്നവരാണിവരെന്ന് അദ്ദേഹം ആരോപിച്ചു.
‘ ശരിയായ കൂട്ടുകെട്ട് പുലർത്തുക. അത് സാമൂഹിക മാറ്റത്തെ എതിർക്കുന്നവരുമായോ, സനാതനികളുമായോ ആകരുത് .സമൂഹത്തിനു വേണ്ടി നിലകൊള്ളുന്നവരുമായി സഹവസിക്കുക ‘ എന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയ്ക്ക് നേരെ ചെരിപ്പ് എറിഞ്ഞത് സനാതന വിശ്വാസിയാണെന്നും സിദ്ധാമയ്യ പറഞ്ഞു. ‘ അത് ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതകതയുടെ പ്രതിഫലനമാണ് . ഒരു സനാതനി ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പ് എറിഞ്ഞു എന്നത് സനാതനികളും, യാഥാസ്ഥിതിക ഘടകങ്ങളും ഇപ്പോഴും സമൂഹത്തിൽ നിൽക്കുന്നുണ്ടെന്നാണ് കാണിക്കുന്നത് .ഈ പ്രവൃത്തിയെ ദളിതർ മാത്രമല്ല എല്ലാവരും അപലപിക്കണം. അപ്പോൾ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിലേയ്ക്ക് പോകുന്നുവെന്ന് നമുക്ക് പറയാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

