ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസിനും, പാക് ഹൈക്കമ്മീഷനും വേണ്ടി ചാരപ്പണി നടത്തിയ യൂട്യൂബർ അറസ്റ്റിൽ . ഹരിയാന പൽവാൾ ജില്ലയിലെ യൂട്യൂബർ വസീം അക്രത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മേവാത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വീഡിയോകൾ യൂട്യൂബിൽ അക്രം പോസ്റ്റി ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അക്രത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി പാകിസ്ഥാൻ ഏജന്റുമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും അവർക്ക് സിം കാർഡുകൾ നൽകിയതായും പോലീസ് പറഞ്ഞു.
ഡിലീറ്റ് ആക്കിയ ചില സന്ദേശങ്ങൾ അക്രത്തിന്റെ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ സൈബർ വിഭാഗം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു പാകിസ്ഥാൻ ചാരനായ തൗഫിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു . ചോദ്യം ചെയ്യലിൽ, തൗഫിക് അക്രത്തിന്റെ പേരും പാകിസ്ഥാൻ ഇന്റലിജൻസുമായുള്ള ബന്ധവും വെളിപ്പെടുത്തി.
2021 ൽ പാകിസ്ഥാനിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിനിടെയാണ് അക്രം ആദ്യമായി പാകിസ്ഥാൻ ഏജന്റ് ഡാനിഷുമായി ബന്ധപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അയൽരാജ്യത്തേക്ക് യാത്ര ചെയ്ത കാര്യം അക്രത്തിന്റെ കുടുംബം വിസമ്മതിച്ചെങ്കിലും, ചോദ്യം ചെയ്യലിൽ നിരവധി വിവരങ്ങൾ പുറത്ത് വന്നു.
അക്രവും തൗഫിക്കും ഇന്റർനെറ്റ് കോളുകൾ വഴി ഐഎസ്ഐയുമായും പാകിസ്ഥാൻ ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ എസ്പി വരുൺ സിംഗ്ല പൽവാൾ ക്രൈം ബ്രാഞ്ചിനെയും മറ്റ് അധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു.

