ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായിയും റിലയൻസ് പവർ ലിമിറ്റഡ് സീനിയർ ഉദ്യോഗസ്ഥനുമായ അശോക് കുമാർ പാൽ അറസ്റ്റിൽ . കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാലിനെ കസ്റ്റഡിയിലെടുത്തത്.
ഏഴ് വർഷത്തിലേറെയായി റിലയൻസ് പവറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോലി ചെയ്യുന്ന പാൽ, നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ)ക്ക് 68 കോടിയിലധികം രൂപയുടെ വ്യാജ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ ബാങ്ക് ഗ്യാരന്റി യഥാർത്ഥമാണെന്ന് വരുത്തിത്തീർക്കാൻ, വിവിധ വാണിജ്യ ബാങ്കുകളുടെ വ്യാജ ഡൊമെയ്നുകളും ഉപയോഗിച്ചു .
സോഷ്യൽ മീഡിയ വഴിയാണ് ഇതിനായുള്ള പേപ്പർ വർക്കുകൾ ചെയ്തത് . ഫിലിപ്പീൻസിലെ മനിലയിലുള്ള ഫസ്റ്റ്റാൻഡ് ബാങ്കിൽ നിന്ന് റിലയൻസ് പവർ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഫിലിപ്പീൻസിൽ അത്തരമൊരു ബാങ്ക് ശാഖ നിലവിലില്ല. തട്ടിപ്പിലെ പ്രധാന പങ്കാളി ബിസ്വാൾ ട്രേഡ്ലിങ്ക് ആണ് . റെസിഡൻഷ്യൽ വിലാസത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഒഡീഷ ആസ്ഥാനമായുള്ള ഒരു ചെറിയ സ്ഥാപനമാണിത്.
അന്വേഷണത്തിൽ കമ്പനി കടലാസിൽ മാത്രമായിരുന്നു നിലനിന്നിരുന്നതെന്നും രജിസ്റ്റർ ചെയ്ത വിലാസത്തിൽ നിയമപരമായ കമ്പനി രേഖകളൊന്നും ഇല്ലെന്നും കണ്ടെത്തി. 68.2 കോടി രൂപയുടെ വ്യാജ ഗ്യാരന്റി സമർപ്പിച്ചതിന് ബിസ്വാൾ സാരഥിയുടെ ഡയറക്ടർ ഓഗസ്റ്റിൽ അറസ്റ്റിലായി . റിലയൻസ് പവറിന് വേണ്ടി ഈ ഗ്യാരന്റികൾ ക്രമീകരിച്ചതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
17,000 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളിലും വായ്പ തിരിമറിയിലും , കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനിൽ അംബാനിയും പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്നു. 2017 നും 2019 നും ഇടയിൽ അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപ വായ്പ് വകമാറ്റിയെന്നാണ് പ്രധാന ആരോപണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, അന്വേഷണ ഏജൻസി അനിൽ അംബാനിയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും റിലയൻസ് ഹൗസിംഗ് ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയ്ക്ക് വായ്പകൾ അനുവദിച്ചപ്പോൾ നടത്തിയ നടപടിക്രമങ്ങളെക്കുറിച്ച് ബാങ്കുകളിൽ നിന്ന് വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു.

