ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ ഇടയ്ക്കിടെ റദ്ദാക്കുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നു. അഹമ്മദാബാദ് അപകടത്തിന് ശേഷം 9 ദിവസത്തിനുള്ളിൽ 84 വിമാനങ്ങൾ റദ്ദാക്കി. അറ്റകുറ്റപ്പണികളും മറ്റ് കാരണങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത് .
വെള്ളിയാഴ്ചയും എയർ ഇന്ത്യയുടെ 9 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ വിമാനങ്ങളിൽ നാലെണ്ണം അന്താരാഷ്ട്ര വിമാനങ്ങളും നാലെണ്ണം ആഭ്യന്തര വിമാനങ്ങളുമാണ്. ആഭ്യന്തര വിമാന സർവീസുകളിൽ പൂനെയിൽ നിന്ന് ഡൽഹിയിലേക്കും, അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കും, ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്കും, ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഇതിനുപുറമെ, ദുബായിൽ നിന്ന് ചെന്നൈയിലേക്കും, ഡൽഹിയിൽ നിന്ന് മെൽബണിലേക്കും, മെൽബണിൽ നിന്ന് ഡൽഹിയിലേക്കും, ദുബായിൽ നിന്ന് ഹൈദരാബാദിലേക്കും ഉള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന വിമാനം പക്ഷി ഇടിച്ചതിനാൽ വിമാനത്തിന്റെ മടക്കയാത്രയും റദ്ദാക്കേണ്ടിവന്നു.
ജൂൺ 21 നും ജൂലൈ 15 നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ റൂട്ടുകളിലെ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചിരുന്നു.സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 15 ശതമാനം താൽക്കാലികമായി കുറയ്ക്കുമെന്ന് എയർലൈൻ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് വിശദമായ പ്രഖ്യാപനം വന്നത്. ഇതിനുപുറമെ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 18 അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകളുടെ എണ്ണവും കുറയ്ക്കും.വടക്കേ അമേരിക്കയിലെ ഡൽഹി-ടൊറന്റോ, ഡൽഹി-വാൻകൂവർ, ഡൽഹി-സാൻ ഫ്രാൻസിസ്കോ, ഡൽഹി-ഷിക്കാഗോ, ഡൽഹി-വാഷിംഗ്ടൺ എന്നീ റൂട്ടുകളിലൂടെയുള്ള വിമാന സർവീസുകളും കുറയ്ക്കും.

