ന്യൂഡൽഹി: മതിയായ കാരണം ബോധിപ്പിക്കാതെ ഇന്ത്യൻ വിദ്യാർത്ഥികളെ അമേരിക്ക മടക്കി അയക്കുന്നു എന്ന കണ്ടെത്തൽ ശരിവെച്ച് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ ഇത്തരത്തിൽ 48 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് അമേരിക്ക മടക്കി അയച്ചതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് പാർലമെന്റിൽ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ടിഡിപി ലോക്സഭാംഗം ബി കെ പാർത്ഥസാരഥിയാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. പാർത്ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകൾ വിശദീകരിച്ചത്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും അനധികൃത കുടിയേറ്റം ഉണ്ടാകുന്നു എന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ടുകളെ ഉദ്ധരിച്ച് മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാനും പാർത്ഥസാരഥി ആവശ്യപ്പെട്ടു.
മതിയായ രേഖകളില്ലാതെ തൊഴിൽ തേടി പോകുക, പഠനം ഉപേക്ഷിക്കുക, സസ്പെൻഷനോ പുറത്താക്കലോ നേരിടുക, പ്രായോഗിക പരിശീലനം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തുക, വിസ റദ്ദാക്കപ്പെടുക തുടങ്ങിയ കാരണങ്ങളാൽ ചിലർ പുറത്താക്കപ്പെടുന്നതായി സർക്കാർ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ അതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് പാർലമെന്റിൽ അറിയിച്ചു.