മുംബൈ ; 70 കോടി ബജറ്റില്‍ ഒരുക്കി, 2000 കോടി നേടി ആഗോളതലത്തില്‍ വമ്പന്‍ ഹിറ്റ് ആയി മാറിയ സിനിമയാണ് ആമിര്‍ ഖാന്റെ ‘ദംഗല്‍’. 2016ല്‍ ആണ് ദംഗല്‍ തിയേറ്ററുകളിലെത്തുന്നത്. ആഗോളതലത്തില്‍ റിലീസ് ചെയ്തെങ്കിലും സിനിമ പാകിസ്ഥാനില്‍ മാത്രം റിലീസ് ചെയ്തിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാന്.
‘ദംഗൽ’ എന്ന സിനിമയിലെ ഇന്ത്യൻ ദേശീയ പതാകയും ദേശീയഗാനവും നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു . എന്നാൽ ആമിർ ഖാൻ അതിന് സമ്മതിച്ചില്ല.’ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് ആമിർ ഖാൻ ഇക്കാര്യം പറഞ്ഞത്. ‘ ‘ദംഗൽ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ, ഡിസ്നിയും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. അവർ തന്നെയാണ് സിനിമ പുറത്തിറക്കിയത്. പാകിസ്ഥാനിൽ റിലീസ് ചെയ്യുന്നതിന് ചില നിയന്ത്രണങ്ങളുണ്ടെന്ന് അവർ തന്നോട് പറഞ്ഞു,’ – ആമിർ ഖാൻ പറഞ്ഞു.
“ഗീത ഫോഗട്ട് ഗുസ്തി മത്സരത്തിൽ വിജയിക്കുമ്പോൾ, നമ്മുടെ ദേശീയ പതാക ഉയർന്നു പറക്കുന്ന, നമ്മുടെ ദേശീയഗാനം ആലപിക്കുന്ന രംഗങ്ങൾ ഉണ്ട്. അത് രണ്ടും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്നും പാകിസ്ഥാനികൾ ഞങ്ങളോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഞങ്ങളുടെ ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്യരുതെന്ന് ഞാൻ അപ്പോൾ തന്നെ അവരെ അറിയിച്ചു .
പാകിസ്ഥാനിൽ റിലീസ് ചെയ്തില്ലെങ്കിൽ ബിസിനസ്സിന് പ്രശ്നങ്ങളും നഷ്ടങ്ങളും ഉണ്ടാകുമെന്ന് ഡിസ്നി പറഞ്ഞു. ‘നമ്മുടെ ദേശീയ പതാകയും ദേശീയഗാനവും നീക്കം ചെയ്യുക’ എന്ന് പറയുന്നവരുമായി ഞാൻ ബിസിനസ്സ് ചെയ്യില്ലെന്ന് ഞാൻ നേരിട്ട് പറഞ്ഞിട്ടുണ്ട്,” ആമിർ ഖാൻ പറഞ്ഞു.

