ഡെറാഡൂൺ: റോട്ട്വീലർ നായ്ക്കളുടെ ആക്രമണത്തിൽ 75 കാരിയ്ക്ക് ഗുരുതര പരിക്ക് . ഡെറാഡൂണിലെ രാജ്പൂർ പ്രദേശത്തെ ജഖാനിലാണ് സംഭവം. നായ്ക്കളുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ പതിവുപോലെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് നായ്ക്കൾ കൗസല്യ ദേവിയെ ആക്രമിച്ചത്. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപെടുത്തിയത് .
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൗസല്യ ദേവിയുടെ നില ഗുരുതരമാണ്. നായ്ക്കളുടെ ഉടമ നഫീസിനെതിരെ (40) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. അപകടകാരിയായ ഇനത്തിലുള്ള നായ്ക്കളെ വളർത്തുന്നതിന് നഫീസിന് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
നഫീസിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ നിന്ന് കൗസല്യയെ രക്ഷിക്കാൻ ഉടമ എത്തിയില്ലെന്നും പരാതിയുണ്ട്. ലൈസൻസില്ലാതെ അപകടകാരികളായ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. റോട്ട്വീലറുകൾ, പിറ്റ്ബുളുകൾ, അമേരിക്കൻ ബുൾഡോഗുകൾ എന്നിവയുൾപ്പെടെ 23 വിദേശ ഇന നായ്ക്കളുടെ ഇറക്കുമതി, പ്രജനനം, വാങ്ങൽ, വിൽപ്പന എന്നിവ കേന്ദ്രം നിരോധിച്ചിട്ടുണ്ട്. അത്തരം നായ്ക്കളെ കണ്ടാൽ 112 എന്ന നമ്പറിൽ വിളിക്കുകയോ മുനിസിപ്പൽ കോർപ്പറേഷനെ അറിയിക്കുകയോ ചെയ്യണമെന്നും അജയ് സിംഗ് പറഞ്ഞു.

