ഭുവനേശ്വര്‍ : ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ നിന്ന് മാവോയിസ്റ്റുകൾ മോഷ്ടിച്ച 4 ടൺ സ്ഫോടകവസ്തുക്കളിൽ 2.5 ടൺ സുരക്ഷാ സേന കണ്ടെത്തി. ഒഡീഷ പോലീസിന്റെ നേതൃത്വത്തിൽ നടന്ന നടപടിയിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് , ഡിവിഎഫ് , ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ജാർഖണ്ഡിലെ എലൈറ്റ് ജാഗ്വാർ ഫോഴ്സ് എന്നിവർ പങ്കെടുത്തു.
ബലംഗീർ-ബർഗഡ് ജില്ലാ അതിർത്തിയിലെ ഗന്ധമർധൻ കുന്നിൻ പ്രദേശങ്ങളിൽ നടത്തിയ കോമ്പിംഗ് ഓപ്പറേഷനിലാണ് സ്ഫോടകവസ്തുക്കളും മാവോയിസ്റ്റ് യൂണിഫോമുകളും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. കൊള്ളയടിച്ച മുഴുവൻ സ്ഫോടകവസ്തുക്കളും വീണ്ടെടുക്കുന്നതിനായി ഒഡീഷ പോലീസ് രാവും പകലും തുടർച്ചയായി പ്രവർത്തിച്ചുവരികയാണെന്ന് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) വൈ.ബി. ഖുറാനിയ പറഞ്ഞു. കാട്ടിൽ സ്ഫോടകവസ്തുക്കൾക്കായി തിരയുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിലെ വനപ്രദേശത്ത് ഉണങ്ങിയ ഇലകൾക്കിടയിൽ ഒളിപ്പിച്ചതും മണ്ണിനടിയിൽ കുഴിച്ചിട്ടതുമായ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനായി ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ (DSMD) ഉപയോഗിച്ചതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG-വെസ്റ്റേൺ റേഞ്ച്) ബ്രിജേഷ് റായ് പറഞ്ഞു.
ഇനിയും 1.5 ടൺ സ്ഫോടകവസ്തുക്കൾ വീണ്ടെടുക്കാനുണ്ട്. മാവോയിസ്റ്റുകൾ സ്ഫോടകവസ്തുക്കൾ ഒളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കാട്ടിൽ പ്രകൃതിദത്ത ഗർത്തങ്ങളുണ്ട്. അവയിലും തെരച്ചിൽ നടത്തുമെന്ന് ബ്രിജേഷ് റായ് പറഞ്ഞു.

