ബെംഗളൂരു : കർണാടക കോൺഗ്രസിൽ വീണ്ടും ആഭ്യന്തര കലഹം . മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് കൈമാറണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് . വെറും നാല് മാസത്തിനുള്ളിൽ, മൂന്ന് സിറ്റിംഗ് എംഎൽഎമാരും മാണ്ഡ്യയിൽ നിന്നുള്ള ഒരു മുൻ എംപിയും ഉൾപ്പെടെ നാല് പാർട്ടി നേതാക്കൾ അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ പരസ്യമായി പിന്തുണച്ചിരുന്നു . ഇതിന്റെ പേരിൽ പാർട്ടി ഇവർക്ക് നോട്ടീസും അയച്ചു.
പാർട്ടിയുടെ അച്ചടക്ക സമിതി അയച്ച നോട്ടീസുകളിൽ, അവർ “നാണക്കേട് ഉണ്ടാക്കുന്നു” എന്നും കോൺഗ്രസ് ഹൈക്കമാൻഡിൻറെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നും ആരോപിക്കുന്നു . ജൂലൈ മുതൽ കുറഞ്ഞത് പല കോൺഗ്രസ് എംപിമാരും ഒളിഞ്ഞും, തെളിഞ്ഞും സിദ്ധരാമയ്യയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്തുന്നുണ്ട്. അധികാര പങ്കിടൽ കരാറിനെക്കുറിച്ച് സിദ്ധരാമയ്യയും ശിവകുമാറും ആവർത്തിച്ച് നിഷേധിച്ചിട്ടും ഇത് പാർട്ടിയിൽ പ്രകടമായ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ നടപടി നേരിടേണ്ടിവരുന്ന ഏറ്റവും പുതിയ കോൺഗ്രസ് നേതാക്കൾ കുനിഗൽ എംഎൽഎ എച്ച്.ഡി. രംഗനാഥും മുൻ മാണ്ഡ്യ എംപി എൽ.ആർ. ശിവരാമ ഗൗഡയുമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, സമാനമായ പരാമർശങ്ങൾ നടത്തിയതിന് ചന്നഗിരി എംഎൽഎ ശിവഗംഗ വി. ബസവരാജ്, രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരുന്നത്.
ശിവകുമാറിന്റെ അടുത്ത സഹായിയും രാമനഗര കോൺഗ്രസ് എംഎൽഎയുമായ ഇഖ്ബാൽ ഹുസൈൻ, മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് ഇതിനകം തന്നെ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. “ഡി.കെ. ശിവകുമാർ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയും പാർട്ടിക്ക് 140 സീറ്റുകൾ നേടുകയും ചെയ്തു. 2028 ൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിന് ഒരു അവസരം നൽകേണ്ടതുണ്ട്,” എന്നും ഇഖ്ബാൽ ഹുസൈൻ പറഞ്ഞു.
നേതൃമാറ്റങ്ങളെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യരുതെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടും, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയോട് പലരും ഈ അഭിപ്രായങ്ങൾ അറിയിച്ചതായി അദ്ദേഹം തന്നെ സമ്മതിച്ചു.എംഎൽഎയായ ബസവരാജ്, ഡിസംബറോടെ സർക്കാർ മാറ്റം വരുമെന്നും ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും ആഗസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ ശിവകുമാർ തന്നെ തള്ളിക്കളഞ്ഞു.
തന്റെ “രാഷ്ട്രീയ ഗുരു” എന്നാണ് രംഗനാഥ് ഡികെ ശിവകുമാറിനെ വിശേഷിപ്പിച്ചത് . ശിവകുമാറിനെ “ഉയർന്നുവരുന്ന നക്ഷത്രം” എന്നും മുഖ്യമന്ത്രിയാകാൻ അദ്ദേഹം അർഹനാണെന്നും രംഗനാഥ് പറഞ്ഞു. അതേസമയം പാർട്ടി ഈ അഭിപ്രായങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ട്. “ഇക്കാര്യത്തിലെ നിങ്ങളുടെ മാധ്യമ പ്രസ്താവനകൾ പാർട്ടിയെ നാണം കെടുത്തുക മാത്രമല്ല, പാർട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അനുസരണക്കേടുള്ള പ്രസ്താവനകൾ ഞങ്ങൾ ഗൗരവമായി എടുക്കുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഈ നോട്ടീസ് ലഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾ മറുപടി നൽകേണ്ടതുണ്ട്.”എന്നാണ് പാർട്ടി നിലപാട്.

