ശ്രീനഗർ : ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം . കത്വ ജില്ലയിലെ ജാംഗ്ലോട്ട് ഗ്രാമത്തിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്.
മേഘവിസ്ഫോടനത്തിൽ ഒരു റെയിൽവേ ട്രാക്ക്, നാഷണൽ ഹൈവേ -44, ഒരു പോലീസ് സ്റ്റേഷൻ എന്നിവയും തകർന്നതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ‘ പ്രാദേശിക അധികൃതർ , സൈന്യം, അർദ്ധസൈനികർ എന്നിവർ നടപടിയെടുത്തു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ‘ കത്വയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചതിന് ശേഷം ജിതേന്ദ്ര സിംഗ് എക്സിൽ പോസ്റ്റ് ചെയ്തു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ബാധിച്ച കതുവ ജില്ലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ, രക്ഷാപ്രവർത്തന, നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ‘ ജോധ് ഖാദ്, ജുതാന എന്നിവയുൾപ്പെടെ കത്വവയിലെ നിരവധി ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി,” ഒമർ അബ്ദുള്ളയുടെ ഓഫീസ് എക്സിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.
അതേസമയം കത്വ ഭരണകൂടം വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “പൊതുജനങ്ങൾ നദികൾ, അരുവികൾ, നഹല്ലകൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് പോകുന്നത് ഒഴിവാക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു, കൂടാതെ കുന്നിൻ പ്രദേശങ്ങൾ, മണ്ണിടിച്ചിൽ, മറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. കനത്ത മഴ കാരണം ജലനിരപ്പ് വേഗത്തിൽ ഉയരുകയും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും,” കത്വയിലെ ജില്ലാ ഇൻഫർമേഷൻ സെന്റർ X-ലെ പോസ്റ്റിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ 50-ലധികം പേർ മരണപ്പെട്ടിരുന്നു. 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഓഗസ്റ്റ് 14 ന് മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിനായി ചിസോട്ടിയിൽ ധാരാളം ആളുകൾ ഒത്തുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്.

