കർണൂൽ : ആന്ധ്രാപ്രദേശിൽ വോൾവോ ബസ് ബൈക്കിൽ ഇടിച്ച് തീപിടിച്ച് 25 ഓളം പേർക്ക് ദാരുണാന്ത്യം . ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസിന്റെ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത് . വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. 40 യാത്രക്കാരുമായി പോയ ബസിൽ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. യഥാർത്ഥ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ആന്ധ്രപ്രദേശ്-ബെംഗളൂരു ദേശീയ പാതയിലൂടെ കടന്നുപോകുകയായിരുന്ന ബസ് ബൈക്കിൽ ഇടിച്ചതായി കർണൂൽ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞു. ബസിന് തീപിടിച്ചതിനെത്തുടർന്ന് ചില യാത്രക്കാർ ഗ്ലാസ് ജനാലകൾ തകർത്താണ് രക്ഷപ്പെട്ടത്. തീ നിയന്ത്രണവിധേയമാക്കിയതായി പോലീസ് പറഞ്ഞു. അതേസമയം, അപകടത്തിന് ശേഷം ബസിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ കർണൂലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് അദ്ദേഹം ഇമെയിൽ വഴി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി പ്രസിഡന്റുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

