ബെംഗളൂരു ; സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എഐസിസി പ്രസിഡന്റിന്റെ മകൻ പ്രിയങ്ക് ഖാർഗെയെ ‘ഒന്നാം ക്ലാസ് വിഡ്ഢി ‘ എന്ന് വിശേഷിപ്പിച്ച ഹിമന്ത, പ്രിയങ്കിന്റെ പ്രസ്താവന അസമിലെ വിദ്യാസമ്പന്നരായ യുവാക്കളെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു.
പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയിൽ കടുത്ത രോഷം പ്രകടിപ്പിച്ച അസം മുഖ്യമന്ത്രി, “ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപമാനകരവും അവഹേളനപരവുമാണ്. അസമീസ് യുവാക്കളുടെ കഠിനാധ്വാനത്തിനും കഴിവിനും നേരെയുള്ള കടുത്ത അപമാനമാണിത്. അസമിൽ കഴിവുള്ള യുവാക്കളില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അസമിലെ യുവാക്കളെ അപമാനിക്കുന്നതാണ്. അതിനാൽ, പ്രിയങ്കിനെതിരെ നമുക്ക് കേസ് ഫയൽ ചെയ്യാം,” എന്നും പറഞ്ഞു.
സെമികണ്ടക്ടർ വ്യവസായങ്ങൾല്ല് അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെ പ്രിയങ്ക് ഖാർഗെ ചോദ്യം ചെയ്തിരുന്നു. സെമികണ്ടക്ടർ വ്യവസായങ്ങൾ അസമിലേക്കും ഗുജറാത്തിലേക്കും പോകുന്നത് എന്തുകൊണ്ടാണ്? അവർക്ക് യഥാർത്ഥത്തിൽ ബാംഗ്ലൂരിനെ വേണം. എന്നാൽ കർണാടകയിലേക്ക് വരേണ്ടിയിരുന്ന നിക്ഷേപങ്ങൾ കേന്ദ്ര സർക്കാർ ഗുജറാത്തിലേക്ക് തിരിച്ചുവിടുകയാണ്. ഗുജറാത്തിലും അസമിലും എന്താണുള്ളത്? അവിടെ പ്രതിഭകളുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഈ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

