ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഓപ്പറേഷൻ സിന്ധുവിന്റെ കീഴിൽ ഇസ്രായേലിൽ നിന്ന് 165 പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്ന് ഇന്ത്യ . 12 മലയാളികളും സംഘത്തിൽ ഉൾപ്പെടുന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനത്തിലാണ് ഡൽഹിയിലെ പാലം എയർ ബേസിൽ എത്തിച്ചത്.
പാലാ സ്വദേശിയായ ലിറ്റോ ജോസ് , ഭാര്യ രേഷ്മ , അവരുടെ ഒരു വയസ്സുള്ള മകൻ ജോഷ്വ ഇമ്മാനുവൽ ജോസ് എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. പോസ്റ്റ്-ഡോക്ടറൽ ഗവേഷണത്തിനായി രേഷ്മ കഴിഞ്ഞ വർഷം ഇസ്രായേലിലേക്ക് പോയിരുന്നു. കണ്ണൂരിൽ നിന്നുള്ള സജിത്ത് കുമാർ, തൃശ്ശൂരിൽ നിന്നുള്ള അതുൽ കൃഷ്ണൻ, ഇടുക്കിയിൽ നിന്നുള്ള ഷൺമുഖരാജൻ, ഭാര്യ ശരണ്യ, മലപ്പുറത്ത് നിന്നുള്ള ഉമേഷ് കെ പി, മൂലമറ്റത്ത് നിന്നുള്ള മായ മോൾ വി ബി, തിരുവല്ലയിൽ നിന്നുള്ള ഗായത്രി ദേവി സലിൽ, കോഴിക്കോട്ട് നിന്നുള്ള വിഷ്ണു പ്രസാദ്, കോട്ടയം സ്വദേശി ജോബിൻ ജോസ് എന്നിവരാണ് സംഘത്തിലെ മറ്റ് മലയാളികൾ.
ഇന്ന് രാവിലെ 9.15 ന് പാലം വ്യോമതാവളത്തിൽ എത്തിയ ഇവരെ കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി എൽ മുരുകൻ, പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ ഇ പി ശ്യാം എന്നിവർ സ്വീകരിച്ചു. ഇസ്രായേലിൽ നിന്ന് കരമാർഗം കടന്ന് ജോർദാനിലെ അമ്മാനിൽ നിന്നാണ് ഇവരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തിങ്കളാഴ്ച രാത്രിയിൽ 290 ഇന്ത്യൻ പൗരന്മാരെയും ഒരു ശ്രീലങ്കക്കാരനെയും ഇറാനിലെ മഷ്ഹാദിൽ നിന്ന് ഇന്ത്യ തിരികെ എത്തിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന് കീഴിൽ ഇതുവരെ 2,200 ൽ അധികം ഇന്ത്യക്കാരെ പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, നിലവിൽ സംഘർഷത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, ഇറാനിയൻ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

