ഡബ്ലിൻ: അയർലൻഡിനെ ആവേശത്തിലാഴ്ത്തി നാടൻ ചായ ഐറിഷ് പ്രീമിയർ ലീഗ് നാളെ നടക്കും. നാളെ രാവിലെ എട്ട് മണിയ്ക്ക് ആൽസാ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ നടക്കുക. പ്രഥമ ലീഗിൽ ആറ് ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലാണ് മത്സരം. ലേലത്തിലൂടെയാണ് ടീമുകൾ മത്സരാർത്ഥികളെ സ്വന്തമാക്കിയത്. ഫെബ്രുവരി 8 ന് ആയിരുന്നു താരലേലം. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഐറിഷ് പ്രീമിയർ ലീഗിൽ ഗ്രൗണ്ടിലിറങ്ങുന്നുണ്ട്.
റോയൽ ടൈറ്റൻസ്, ബ്ലാക്ക് പാന്തേഴ്സ്, കേരള കഫേ ടസ്കേഴ്സ്, യുണൈറ്റഡ് വാട്ടർഫോർഡ്, റെഡ്ബുൾ വാട്ടർഫോർഡ്, കോർക്ക് ഇന്ത്യൻ എന്നീ ആറ് ടീമുകളാണ് മത്സരിക്കുന്നത്. രണ്ടായിരം യൂറോയാണ് മത്സരത്തിൽ ഒന്നാമതാകുന്ന ടീമിന് സമ്മാനമായി നൽകുക. ആയിരം യൂറോ രണ്ടാം സമ്മാനമായി നൽകും. മൂന്നാമതെത്തുന്ന ടീമിന് ട്രോഫിയാണ് സമ്മാനമായി ലഭിക്കുന്നത്.

