ജയ്പൂർ : രാജസ്ഥാനിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ടെമ്പോ ട്രാവലർ ഇടിച്ചുകയറി 15 പേർ മരിച്ചു . മൂന്ന് പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ജയ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ഫലോഡി ജില്ലയിൽ, ഭാരത് മാല ഹൈവേയിലെ മടോഡ ഗ്രാമത്തിന് സമീപമാണ് അപകടം.
ജോധ്പൂരിലെ സുർസാഗർ പ്രദേശത്തെ താമസക്കാരാണ് മരിച്ചത്. ബിക്കാനീറിലെ കൊളായത്ത് ക്ഷേത്രത്തിൽ നിന്ന് കപിൽ മുനി ആശ്രമത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നിവർ. “പതിനഞ്ച് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം ഒസിയാനിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ജോധ്പൂരിലേക്ക് മാറ്റി “ ജോധ്പൂർ പോലീസ് കമ്മീഷണർ ഓം പ്രകാശ് പറഞ്ഞു.
ടെമ്പോ ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നിരവധി യാത്രക്കാർ അകത്ത് കുടുങ്ങി. രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തി, നാട്ടുകാരുടെ സഹായത്തോടെ വാഹനം പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.”ഫലോഡിയിലെ മാറ്റോഡ പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റ എല്ലാവർക്കും ശരിയായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നൽകാനും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു,” മുഖ്യമന്ത്രി X-ൽ കുറിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.കഴിഞ്ഞ മാസമാണ് ജയ്സാൽമീറിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 26 പേർ മരിച്ചത്. എ/സിയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. ബസിൽ എക്സിറ്റ് ഗേറ്റ് ഇല്ലായിരുന്നു. അപകടത്തെത്തുടർന്ന്, നിയമവിരുദ്ധമായ പരിഷ്കരണങ്ങൾക്കും പെർമിറ്റ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനുമെതിരെ ഗതാഗത വകുപ്പ് തീവ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചു.

