ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് 13 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു . ഡൽഹിയിലെ ഔചാണ്ടി ഗ്രാമത്തിൽ നിന്നാണ് 13 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സാധുവായ രേഖകളൊന്നുമില്ലാതെ ഇന്ത്യയിൽ താമസിക്കുകയായിരുന്നു ഇവർ . ഇവരിൽ നിന്ന് ബംഗ്ലാദേശി തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്.
റഫീഖുൽ (50), റഫീഖുലിന്റെ ഭാര്യ ഖോട്ടേജ ബീഗം (41), എംഡി അൻവർ ഹുസൈൻ (37), എംഡി അമിനുൾ ഇസ്ലാം (28), അൻവർ ഹുസൈന്റെ ഭാര്യ സോറിന ബീഗം (27), അമിനുൾ ഇസ്ലാമിന്റെ ഭാര്യ അഫ്രോസ ഖാത്തൂൺ (25), എംഡി ഖഖോൺ (20), ഹസ്ന (19 വയസ്സ്), അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരാണ് പിടിയിലായത്.
ഡൽഹിയിലെ ഔചാണ്ടി ഗ്രാമത്തിൽ ചില ബംഗ്ലാദേശി പൗരന്മാർ വാടകയ്ക്ക് വീട് അന്വേഷിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് ഡിസിപി ആദിത്യ ഗൗതം വെള്ളിയാഴ്ച പറഞ്ഞു. വിവരം സ്ഥിരീകരിച്ച ശേഷമാണ് പോലീസ് ഇവരെ പിടികൂടിയത് . ചോദ്യം ചെയ്യലിൽ, തങ്ങൾ ബംഗ്ലാദേശിലെ ഖുദിഗ്രാം ജില്ലയിലെ ഖുസാവാലി ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ഇന്ത്യയിൽ താമസിക്കാൻ സാധുവായ രേഖകളൊന്നുമില്ലെന്നും ഇവർ വെളിപ്പെടുത്തി.
ജലീൽ അഹമ്മദ് എന്നയാളുടെ സഹായത്തോടെ രണ്ട് വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയതായി ഇവർ പറഞ്ഞു. തന്റെ ഗ്രാമത്തിൽ നിന്ന് ബസിൽ കയറി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലേക്ക് എത്തി. കാടിനുള്ളീൽ കൂടി ഇന്ത്യയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഓട്ടോയിൽ കൂച്ച് ബെഹാർ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് ട്രെയിനിൽ ഡൽഹിയിലും പിന്നീട് ഹരിയാനയിലെ ഖാർഖോഡയിലും എത്തി. സിസാന ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.

