ശ്രീനഗർ : ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം . കിഷ്ത്വാറിൽ ഉണ്ടായ വൻ മേഘവിസ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് വിവരം. സ്ഥലത്ത് വലിയ തോതിലുള്ള പ്രവർത്തനം നടക്കുകയാണ് .മച്ചൈൽ മാതാ ദേവാലയത്തിനടുത്തുള്ള ചോസിതിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായേക്കാം എന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞത്.
കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയൻ ദേവാലയത്തിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റായി വർത്തിക്കുന്ന പ്രദേശത്ത് നിന്ന് തീർത്ഥാടകരെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ചോസിതി പ്രദേശത്ത് ഉണ്ടായ വൻ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നാണ് സൂചന . രക്ഷാപ്രവർത്തക സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ രക്ഷാപ്രവർത്തന, മെഡിക്കൽ മാനേജ്മെന്റ് ക്രമീകരണങ്ങൾ നടത്തുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നു,” കേന്ദ്രമന്ത്രി പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സിവിൽ, പോലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

