ശ്രീനഗർ : ജമ്മു കശ്മീരിലെ റിയാസി, റംബാൻ ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 11 പേർ മരിച്ചു. റിയാസി ജില്ലയിലെ മഹോർ പ്രദേശത്ത്, ബദ്ദർ ഗ്രാമത്തിലെ നസീർ അഹമ്മദ്, ഭാര്യ , അഞ്ച് കുട്ടികൾ എന്നിവരാണ് വീട് തകർന്ന് മരിച്ചത് . ചെളിയുടെയും അവശിഷ്ടങ്ങളുടെയും കൂമ്പാരങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തു.
റംബാൻ ജില്ലയിലെ രാജ്ഗ്രഹ് ഗ്രാമത്തിൽ സ്കൂളിൽ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി . ഇതിൽ അഞ്ച് പേർ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഓം രാജ്, വിദ്യാ ദേവി, ദ്വാരക നാഥ് എന്നിവരടക്കം അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. സമീപ ആഴ്ചകളിൽ ജമ്മുവ് ഇൽ ഉണ്ടായ കനത്ത മഴയിലും, മണ്ണിടിച്ചിലിലും 160 ഓളം പേരാണ് മരണപ്പെട്ടത് .
അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. ജമ്മുവിലെ കത്രയ്ക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ അഞ്ചാം ദിവസവും നിർത്തിവച്ചിരിക്കുകയാണ്, ശ്രീനഗർ-ജമ്മു ദേശീയ പാത ഒന്നിലധികം സ്ഥലങ്ങളിൽ തകർന്നത് കാരണം അടച്ചിട്ടിരിക്കുകയാണ്. കശ്മീരിലേക്കുള്ള പ്രധാന റോഡ് ലിങ്ക് എപ്പോൾ വീണ്ടും തുറക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാധ്യത വിലയിരുത്താൻ സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

