ഡബ്ലിൻ: അയർലൻഡിലെ പുതിയ റെയിൽവേ സ്റ്റേഷൻ ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും. ആദ്യ ട്രെയിൻ രാവിലെ 8.54 ന് കടന്ന് പോകുന്നതോട് കൂടി ഡാർട്ട് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. വുഡ്ബ്രൂക്കിൽ നിന്നും മലാഹൈഡിലേക്ക് ആണ് ആദ്യ ട്രെയിൻ.
തെക്കൻ ഡബ്ലിനിലെ ശിങ്കിലിനും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലാണ് വുഡ്ബ്രൂക്ക് സ്റ്റേഷന്റെ നിർമ്മാണം. ഇത് ഈ വഴിയുള്ള യാത്രികരുടെ യാത്ര കൂടുതൽ എളുപ്പമാക്കും. വുഡ്ബ്രൂക്കിനെയും ഷാംഗനാഗിനെയും ബന്ധിപ്പിക്കുന്ന നിർണായക ഡാർട്ട് സ്റ്റേഷൻ ആയിരിക്കും വുഡ്ബ്രൂക്കിലെ പുതിയ സ്റ്റേഷൻ. അയർലൻഡ് റെയിൽവേയ്ക്ക് കീഴിലുള്ള 147ാമത് സ്റ്റേഷൻ കൂടിയാണ് ഇത്. അതേസമയം പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോട് കൂടി മറ്റ് ട്രെയിൻ സർവ്വീസുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റം വരും.
191 ഡാർട്ട് സർവ്വീസുകൾ ദിനം പ്രതി ഉണ്ടാകും. 174 മീറ്ററുള്ള രണ്ട് പ്ലാറ്റ് ഫോമുകളാണ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും. സുരക്ഷയ്ക്കായി ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സൈക്കിൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

