ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. ആറ് ലക്ഷം യൂറോയിലധികം വിലയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഓൾഡ് സിംഗ്ലാൻഡ് സ്ട്രീറ്റിലെ ഒരു വീട്ടിൽ ഗാർഡ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ ഏകദേശം 4,90,000 യൂറോ വിലവരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇതിന് പുറമേ 1,54,000 യൂറോ വിലവരുന്ന ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. 40 വയസ്സാണ് അറസ്റ്റിലായ സ്ത്രീയുടെ പ്രായം. ലിമെറിക്ക് സ്വദേശിനിയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ഗാർഡയെ സമീപിക്കണമെന്നാണ് നിർദ്ദേശം.

