കിൽഡെയർ: നാസ് ജനറൽ ആശുപത്രിയിലെ നഴ്സുമാർ സമരത്തിനൊരുങ്ങുന്നു. ജീവനക്കാരുടെ കുറവ് നിലവിലെ ജീവനക്കാരിൽ അമിത ജോലി ഭാരം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് നഴ്സുമാർ സമരം ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐഎൻഎംഒ അധിക സേവനങ്ങൾക്കായി 30 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനായി മാനേജ്മെന്റുമായി കരാറിൽ എത്തിയിരുന്നു. ഇതുൾപ്പെടെ പാലിക്കപ്പെടാത്തതാണ് നഴ്സുമാരെ ചൊടിപ്പിച്ചത്. ആശുപത്രിയിൽ അനുഭവപ്പെടുന്ന തിരക്കും നഴ്സുമാരെ വലയ്ക്കുന്നുണ്ട്.
ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐഎൻഎംഒ ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫീസർ ജോ ഹൂലൻ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ആശുപത്രിയിൽ 80 തസ്തികകളുടെ കുറവാണുള്ളത്. ഇന്നലെ മുതൽ കിടക്ക ക്ഷാമം രൂക്ഷമായതിനാൽ അത്യാഹിത വിഭാഗത്തിലുൾപ്പെടെ സേവനങ്ങൾക്ക് കാലതാമസം നേരിട്ടു. രോഗികൾക്ക് സുരക്ഷിതമായ പരിചരണം നൽകുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥർ നിലവിൽ ആശുപത്രിയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

