ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അയർലന്റിലെ മൂന്ന് കൗണ്ടികളിൽ ജലവിതരണം തടസ്സപ്പെടും. പ്രധാന പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുക. ഏവരും സഹകരിക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.
ഡബ്ലിൻ, വിക്ലോ, കിൽഡെയർ എന്നീ കൗണ്ടികളിലാണ് ജലവിതരണം മുടങ്ങുക. ബാലിമോർ യൂസ്റ്റേസ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനെ ഡബ്ലിനിലെ സാഗട്ട് റിസർവോയറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് സങ്കീർണ്ണമായ അറ്റകുറ്റപ്പണി നടത്തുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഈ പൈപ്പ് ലൈനിൽ നിരവധി ചോർച്ചകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്.
കിൽ, ആർതർസ്ടൗൺ, റാത്ത്മോർ, അത്ഗോ, ടിപ്പർകെവിൻ എന്നിവിടങ്ങളിലെ ആളുകളാകും വെള്ളത്തിന് ബുദ്ധിമുട്ട് നേരിടേണ്ടിവരിക.

