ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സൂക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഡബ്ലിൻ, വിക്ലോ, കിൽഡെയർ കൗണ്ടികളിലുള്ളവർക്കാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 11 മണി മുതൽ പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. 28 മണിക്കൂർ നേരമാകും ഇത് നീണ്ട് നിൽക്കുക. ഇതിന് ശേഷമേ മേഖലകളിലേക്ക് ജലവിതരണം ഉണ്ടാകുകയുള്ളൂ.
ബാലിമോർ യൂസ്റ്റേസ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനെ ഡബ്ലിനിലെ സാഗട്ട് റിസർവോയറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് സങ്കീർണ്ണമായ അറ്റകുറ്റപ്പണി നടത്തുന്നത് .അടുത്തിടെ ഇവിടെ നടത്തിയ പരിശോധനയിൽ ചോർച്ചകൾ കണ്ടെത്തിയിരുന്നു.

