ഡബ്ലിൻ: അയർലന്റിൽ ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ കുടിവെള്ള ക്ഷാമം സംബന്ധിച്ച് മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള 12 കൗണ്ടികൾക്കാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യമായി വെള്ളം പാഴാക്കരുതെന്നും, വെള്ളം പരമാവധി സംരക്ഷിക്കണം എന്നുമാണ് ഉയിസ് ഐറാന്റെ നിർദ്ദേശം.
ടിപ്പററി, വാട്ടർഫോർഡ്, ഓഫാലി, കോർക്ക്, ഗാൽവേ, ഡൊണഗൽ, മീത്ത്, കിൽകെന്നി, വെസ്റ്റ്മീത്ത്, ലാവോയിസ്, ക്ലെയർ, വെക്സ്ഫോർഡ് എന്നീ കൗണ്ടികൾ വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള മേഖലകളാണ്. ഇവിടെ വെള്ളത്തിന്റെ വിതരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉയിസ് ഐറാൻ സ്വീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ, ഗാൽവെ എന്നിവിടങ്ങളിൽ ജല വിതരണത്തിന് വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. വരണ്ട ചൂട് കൂടിയ കാലാവസ്ഥയാണ് നിലവിലെ സാഹചര്യത്തിന് കാരണം. അതിനാൽ ജലം പരമാവധി ഏവരും സംരക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി.

