ഡബ്ലിൻ: അയർലന്റിലെ മോട്ടോർവേകളിൽ ട്രാക്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. ട്രക്ക് ഡ്രൈവർമാരുടെ സംഘടനയായ ഐറിഷ് റോഡ് ഹാളേജ് അസോസിയേഷനാണ് ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ട്രാക്ടറുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മണിക്കൂറിൽ 50 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയുമെങ്കിൽ മാത്രമേ വാഹനങ്ങൾക്ക് മോട്ടോർവേകൾ ഉപയോഗിക്കാവൂ എന്നാണ് നിയമം. എന്നാൽ ട്രാക്ടറുകൾക്ക് ഇതിന് കഴിയാറില്ല. ഇത് മറ്റ് വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് അസോസിയേഷൻ പറയുന്നത്.
അതേസമയം അസോസിയേഷന്റെ ആവശ്യത്തെ എതിർത്ത് ഐറിഷ് കർഷക സംഘടന രംഗത്ത് എത്തിയിട്ടുണ്ട്. മോട്ടോർവേകളിൽ നിന്നും ട്രാക്ടറുകളെ വിലക്കാനുള്ള ഏത് നടപടിയെയും ശക്തമായി എതിർക്കുമെന്ന് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസി ഗോർമാൻ വ്യക്തമാക്കി.

