ഡബ്ലിൻ: അടുത്ത വർഷം മുതൽ അയർലൻഡിലെ ദേശീയ റോഡുകളിൽ ടോൾ നിരക്ക് വർധിക്കും. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ജനുവരി 1 മുതൽ എം 50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവ ഉൾപ്പെടെ 10 ദേശീയ റോഡുകളിലെ ടോൾ നിരക്കാണ് ഉയരുന്നത്.
പണപ്പെരുപ്പമാണ് ടോൾ നിരക്ക് വർധിപ്പിക്കാൻ ടിഐഐയെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലുള്ള 12 മാസങ്ങളിൽ 2 ശതമാനമാണ് പണപ്പെരുപ്പം ഉണ്ടായത്. ഇതേ തുടർന്നാണ് ടോൾ നിരക്ക് വർധിപ്പിക്കുന്നത്.
ഡബ്ലിൻ പോർട്ട് ടണൽ വഴി തെക്ക് ദിശയിലേക്കുള്ള ഗതാഗതത്തിനുള്ള പീക്ക് മോണിംഗ് ചാർജുകൾ 1 യൂറോ വർധിക്കും. രാവിലെ 6 മുതൽ രാവിലെ 10 വരെയുള്ള നിരക്ക് ആഴ്ചയിൽ 14 യൂറോ എന്ന നിലയിൽ ഉയർത്തും. വടക്കോട്ടുള്ള പീക്ക് സമയത്തെ ടോൾ നിരക്കിൽ മാറ്റമില്ല. 12 യൂറോ ആയി തന്നെ തുടരും. അതേസമയം ഓഫ് പീക്ക് ചാർജുകൾ എല്ലാ വാഹനങ്ങൾക്കും 3.50 യൂറോ ആയി തുടരും.

