ഡബ്ലിൻ: ഇസ്രായേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഒന്നും അവശേഷിക്കുന്നില്ലെന്ന് ഗാസയിൽ നിന്നും രക്ഷപ്പെട്ട് അയർലൻഡിൽ എത്തിയ ഡോക്ടർ. റഫയിലെ തെരുവുകൾ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ആയിരിക്കുന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ അല്ലാതെ ഒന്നും അവിടെ കാണാൻ സാധിക്കില്ലെന്നും
ഗാസയിലെ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സിന്റെ ഡെപ്യൂട്ടി മെഡിക്കൽ കോർഡിനേറ്റർ ഡോ. മുഹമ്മദ് അബു മുഗൈസിബ് പറഞ്ഞു.
ഗാസയുടെ വടക്കൻ മേഖലയിലുള്ളവരോട് തെക്കൻ പ്രദേശത്തേയ്ക്ക് നീങ്ങാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ഒരു മില്യൺ ആളുകളാണ് ഇതോടെ ബുദ്ധിമുട്ടിൽ ആകുന്നത്. ഹ്യുമാനിറ്റേറിയൻ സോൺ എന്ന് പറഞ്ഞാണ് ആളുകളെ തെക്ക് ഭാഗത്തേയ്ക്ക് മാറ്റുന്നത്. എന്നാൽ അത് അങ്ങിനെയല്ല.
ആശുപത്രികളെല്ലാം ഒരോന്നോരോന്നായി തകർന്ന് വീണുകൊണ്ടിരിക്കുന്നു. ആശുപത്രികളിലെ രോഗികൾ മുഴുവൻ നിലത്താണ് കിടക്കുന്നത്. കാരണം കിടക്കകൾ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

