ഡബ്ലിൻ: അയർലന്റിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ കുറവ്. മെയ് മാസത്തിൽ 5,60,500 വിദേശികൾ മാത്രമാണ് രാജ്യത്ത് എത്തിയത്. 2024 മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിന്റെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശസന്ദർശകർ രാത്രി ചിലവഴിക്കുന്നതിന്റെ ശരാശരി ദൈർഘ്യം കഴിഞ്ഞ വർഷത്തെക്കാൾ നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.
2025 മെയിൽ 447 മില്യൺ യൂറോയാണ് വിദേശത്ത് നിന്നെത്തിയവർ യാത്രകൾക്കായി അയർലന്റിൽ ചിലവഴിച്ചത്. യാത്രാ നിരക്കുകൾ ഒഴികെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രകൾക്കായി ചിലവിട്ട തുകയിൽ 21 ശതമാനത്തിന്റെ കുറവ് ഇക്കുറി ഉണ്ടായി. ബ്രിട്ടനിൽ നിന്നാണ് മെയ് മാസം ഏറ്റവും കൂടുതൽ സന്ദർശകർ അയർലന്റിൽ എത്തിയത്. 35 ശതമാനം. രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്.

