ഡബ്ലിൻ: ഡബ്ലിനിലെ ഡാറ്റാ സെന്ററിൽ നിന്നും ഉണ്ടാകുന്ന ശബ്ദവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നു. ഇൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ആണ് ഡാറ്റാ സെന്റർ സ്ഥിതിചെയ്യുന്നത്.
ജൂലൈയിലാണ് ഡാറ്റാ സെന്ററിൽ നിന്നുള്ള ശബ്ദം സംബന്ധിച്ച് പരാതികൾ ഉയർന്നത്. ക്ലോണ്ടാൽക്കിൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്ത് താമസിക്കുന്നവരാണ് പരാതി ഉയർത്തിയത്. കെട്ടിടത്തിൽ നിന്നും അസാധാരണമായ ശബ്ദങ്ങൾ കേൾക്കുന്നുവെന്നാണ് ഇവരുടെ പരാതി. രാത്രിയിലും പകലും തുടർച്ചയായി ഇവിടെ നിന്നും മൂളൽ ശബ്ദം കേൾക്കാറുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. നിരവധി പരാതികൾ ഇപിഎയ്ക്ക് ഇത് സംബന്ധിച്ച് ലഭിച്ചിരുന്നു. ഇതോടെ സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു

