ടിപ്പററി: കാഹിറിലെ ബരാക് സ്ട്രീറ്റിൽ കാറുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സ്ട്രീറ്റിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ വരുത്തുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന സംഭവം ഉണ്ടായത്.
പുലർച്ചെ 12.30 നും 1.30 നും ഇടയിലാണ് സംഭവങ്ങൾ നടന്നതെന്നാണ് സംശയിക്കുന്നത്. സ്ലീവെനമോൺ പർവതത്തിലെ കാട്ടുതീ അണയ്ക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന ചില വാഹനങ്ങളെന്നാണ് സൂചന. സംഭവം വളരെ നിരാശാജനകമാണെന്ന് ടിപ്പററി കൗൺസിലർ ആൻഡി മോളോണി പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

