ക്ഷിപ്രകോപിയും, ക്ഷിപ്രപ്രസാദിയുമാണ് മഹാദേവൻ. അതിനാൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ശ്രദ്ധയും, ചിട്ടയും പാലിക്കണം . ഹൈന്ദവ വിശ്വാസപ്രകാരം പൂർണ്ണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാന് പൂർണ്ണ പ്രദക്ഷിണം പാടില്ലെന്നാണ് വിശ്വാസം.
ശ്രീകോവിലിൽ നിന്നുള്ള ഓവിലൂടെ ഒഴുകുന്ന ധാരാജലം ഭഗവാന്റെ ജടയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാദേവിയായാണ് സങ്കൽപ്പിക്കപ്പെടുന്നത്. ഈ ഓവ് മറികടക്കാതെ പ്രദക്ഷിണം ചെയ്യുമ്പോൾ ബലിക്കല്ലുകൾ എപ്പോഴും ഭക്തനെ വലതു വശത്ത് വരുന്ന വഴിയായിരിക്കണം പ്രദക്ഷിണം നടത്തേണ്ടത്. പ്രദക്ഷിണം വച്ച് ഓവിനരികിൽ എത്തുമ്പോൾ താഴികക്കുടം നോക്കി പ്രാർത്ഥിക്കണം . ശേഷം തിരികെ നടന്ന് ഓവിന്റെ മറുഭാഗത്തെത്തുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും.
ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ പഞ്ചാക്ഷരീ ജപത്തോടെ ഭഗവാന് മുന്നിൽ പ്രദക്ഷിണം വയ്ക്കാൻ പാടുള്ളു. മഹാദേവന് ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് ജലധാര. മാസത്തിലൊരിക്കൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തി പേരും , നാളും പറഞ്ഞ് ജലധാര അർപ്പിച്ച് പ്രാർഥിക്കുന്നത് സർവദുരിതശാന്തി വരുത്തു. വെറും കയ്യോടെ ക്ഷേത്രദർശനം നടത്തരുത്. ശിവക്ഷേത്രത്തിൽ പോകുന്ന അവസരങ്ങളിൽ ഒരു പിടി കൂവളത്തിലയോ, കൂവളമാലയോ സമർപ്പിക്കണം.
ശിവശക്തീ സങ്കൽപ്പത്തിലുള്ള പ്രാർത്ഥന അതീവ ഫലദായകമാണ്. ഭഗവാന്റെ പ്രതിഷ്ഠയ്ക്ക് പിന്നിലായി പാർവതീദേവിയെ സങ്കൽപ്പിച്ച് പിൻ വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. ദർശനത്തിന്റെ പൂർണ്ണഫലം ലഭിക്കാൻ പാർവതീദേവിയെ സങ്കൽപ്പിച്ച് പിൻ വിളക്കിൽ എണ്ണ കൂടി സമർപ്പിച്ച് പ്രാർത്ഥിക്കണം എന്നാണ് ചിട്ട. മംഗല്യസിദ്ധി, ദീർഘമാംഗല്യം, ഭാര്യാ- ഭർതൃഐക്യം എന്നിവയാണു പിൻവിളക്കു വഴിപാടിന്റെ ഫലം. ദർശനശേഷം പ്രസാദം വാങ്ങി കുറച്ചു നേരം പഞ്ചാക്ഷരിമന്ത്രം ജപിച്ച് ക്ഷേത്രത്തിലിരിക്കുക.
മൃത്യുഞ്ജയ മന്ത്രം, ശിവപഞ്ചാക്ഷര സ്ത്രോത്രം എന്നിവ ജപിക്കുന്നതും ഫലദായകമാണ്. ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപായി ക്ഷമാപണ മന്ത്രം ചൊല്ലി നമസ്ക്കരിക്കണം.
ക്ഷമാപണമന്ത്രം
ഓം കരചരണകൃതം വാ കായജം കർമ്മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ
കൈകാലുകൾ കൊണ്ടും, ബലം , കർമ്മയും എന്നിവയാലും കണ്ടതും, കേട്ടതിനാലും മനസുകൊണ്ടും വാക്കുകൊണ്ടും ഹിതവും അഹിതവുമായി ചെയ്തു പോയ അപരാധങ്ങളുണ്ടെങ്കിൽ ക്ഷമിച്ചാലും ഭഗവാനേ ശ്രീ മഹാദേവ ശംഭോ.

